ഈശോ തൻ്റെ ദാസിയായ വിശുദ്ധ ഫൗസ്റ്റീനയിലൂടെ ലോകത്തിന് നൽകിയ വലിയൊരു സ്നേഹസമ്മാനമാണ് ദൈവകരുണയുടെ നൊവേന (Divine Mercy Novena).
വിശുദ്ധ വാരത്തിലെ ദുഃഖവെള്ളി (Good Friday) മുതലാണ് സാധാരണയായി ഈ നൊവേന ആരംഭിക്കുന്നത്. ദൈവകരുണയുടെ തിരുനാളിന് (ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായർ) ഒരുക്കമായാണ് ഒൻപത് ദിവസം ഈ പ്രാർത്ഥന ചൊല്ലുന്നത്.
പ്രധാന ലക്ഷ്യങ്ങൾ:
- ആത്മാക്കളുടെ രക്ഷ: ഓരോ ദിവസവും പ്രത്യേക ഗണത്തിൽപ്പെട്ട ആത്മാക്കളെ (ഉദാഹരണത്തിന്: പാപികൾ, വൈദികർ, മഠസ്ഥർ, കൊച്ചു കുട്ടികൾ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ) ഈശോയുടെ കരുണാനിറഞ്ഞ ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു.
- ശരണപ്പെടൽ: “ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു” എന്ന വിശ്വാസത്തോടെ ദൈവത്തിൻ്റെ അളവറ്റ കരുണയിൽ അഭയം പ്രാപിക്കുക എന്നതാണ് ഇതിൻ്റെ സന്ദേശം.
നൊവേനയുടെ ഘടന:
- ഓരോ ദിവസവും നിശ്ചയിച്ചിട്ടുള്ള പ്രത്യേക പ്രാർത്ഥന ചൊല്ലുന്നു.
- തുടർന്ന് ദൈവകരുണയുടെ ജപമാല (Chaplet of Divine Mercy) അർപ്പിക്കുന്നു.
“ഈ നൊവേനയിലൂടെ ആത്മാക്കൾക്ക് ആവശ്യമായ എല്ലാ കൃപകളും ഞാൻ നൽകും” എന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് അരുളിച്ചെയ്തു.
ഒന്നാം ദിവസം
ധ്യാനം:
ഇന്ന് മനുഷ്യവർഗ്ഗത്തെ മുഴുവനും പ്രത്യേകിച്ച് സകല പാപികളേയും എന്റെ പക്കൽ കൊണ്ടുവന്ന് അവരെയെല്ലാം എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക, ആത്മാക്കൾ നശിച്ചുപോകുന്നതിൽ എനിക്കനുഭവപ്പെടുന്ന കഠിനമായ എന്റെ വേദനയിൽ നീ എന്നെ ആശ്വസിപ്പിക്കും.
പ്രാര്‍ത്ഥന:
ഏറ്റം കരുണയുള്ള യേശുവേ, ഞങ്ങളോട് എപ്പോഴും ക്ഷമിക്കുകയും ദയകാണിക്കുകയും ചെയ്യുന്നവനാണല്ലോ അങ്ങ്. ഞങ്ങളുടെ പാപത്തെ നോക്കാതെ, അങ്ങയുടെ അനന്തമായ നന്മയിലുള്ള ഞങ്ങളുടെ ശരണത്തിൽ ദൃഷ്ടിയുറപ്പിക്കുകയും, അങ്ങയുടെ ഏറ്റം ദയയുള്ള തിരുഹൃദയത്തിൽ ഞങ്ങൾക്കൊരിക്കലും വിട്ടുപിരിയാത്ത അഭയം തരികയും ചെയ്യണമെന്ന് പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവായ ദൈവത്തോടും അങ്ങയെ ഐക്യപ്പെടുത്തുന്ന അങ്ങയുടെ സ്‌നേഹത്തോട് ഞങ്ങളപേക്ഷിക്കുന്നു.
നിത്യപിതാവേ, യേശുവിന്റെ തിരുഹൃദയത്തിന്റെ ദയയാൽ ഏറ്റം വലിയ പാപികളായ ഞങ്ങളോടും മനുഷ്യവർഗ്ഗം മുഴുവനോടും കരുണതോന്നണമേ. അങ്ങയുടെ തിരുസുതന്റെ ഏറ്റം സങ്കടകരമായ കഷ്ടതകളെപ്രതി അങ്ങ് ഞങ്ങളോടു കരുണകാണിക്കണമേ. അങ്ങനെ ഞങ്ങൾ നിത്യകാലവും അവിടുത്തെ അനന്തകരുണയുടെ സർവ്വശക്തിയെ വാഴ്ത്തിപ്പുകഴ്ത്തട്ടെ. ആമ്മേന്‍
(1 സ്വ. 1. നന്മ. 1. ത്രീ)
രണ്ടാം ദിവസം
ധ്യാനം
ഇന്ന് സകല വൈദികരുടെയും സന്യസ്തരുടെയും ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവരികയും, ആഴമേറിയ എന്റെ കരുണക്കടലിൽ അവരെയെല്ലാം മുക്കിയെടുക്കുകയും ചെയ്യുക. അവരാണ് എന്റെ അതികഠിനമായ വേദനകൾ സഹിക്കുന്നതിനുള്ള ശക്തി പകർന്നുതന്നത്. കൈവഴികളിലൂടെ വെള്ളം വിതരണം ചെയ്യുന്ന പ്രകാരം അവരിലൂടെ എന്റെ കരുണ മനുഷ്യവർഗ്ഗത്തിനു മുഴുവനും ഒഴുക്കിക്കൊടുക്കുന്നു.
പ്രാർത്ഥന
ഏറ്റവും കരുണയുള്ള ഈശോ എല്ലാ നന്മകളുടെയും ഉറവിടമേ അങ്ങയുടെ പ്രസാദവരങ്ങൾ ഞങ്ങളിൽ വർദ്ധിപ്പിക്കണമേ കരുണയുടെ പ്രവൃത്തികൾ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം സ്വർഗ്ഗത്തിലുള്ള കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ.
നിത്യനായ പിതാവേ, കരുണാർദ്രമായ അങ്ങയുടെ കണ്ണുകൾ, അങ്ങയുടെ മുന്തിരിത്തോപ്പിലെ തിരഞ്ഞെടുക്കപ്പെട്ട വേലക്കാരായ വൈദികരുടെയും സന്ന്യസ്ഥരുടെയും നേർക്കു തിരിക്കണമേ. അങ്ങയുടെ ശക്തിപ്രദാനങ്ങളായ അനുഗ്രഹങ്ങൾകൊണ്ട് അവരെ ആവരണമണിയിക്കണമേ. അങ്ങയുടെ തിരുക്കുമാരന്റെ തിരുഹൃദയത്തോടുള്ള സ്നേഹത്താൽ മുദ്രിതരായിരിക്കുന്ന അവർക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യുന്ന അങ്ങനെ അവർ മറ്റുള്ളവരെയും രക്ഷയുടെ മാർഗ്ഗത്തിലേക്കു നയിക്കുന്നതിനും ഏകസ്വരത്തിൽ അങ്ങയുടെ അളവില്ലാത്ത നന്മയെ പാടിപ്പുകഴ്ത്തുന്നതിനും ഇടയാകട്ടെ. എപ്പോഴും എന്നേക്കും, ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)
മൂന്നാം ദിവസം
ധ്യാനം
വിശ്വസ്തയും ഭക്തിതീക്ഷ്ണതയുമുള്ള എല്ലാ ആത്മാക്കളെയും എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ ആഴക്കടലിൽ മുക്കി എടുക്കുക. കുരിശും വഹിച്ചുകൊണ്ടുള്ള എന്റെ യാത്രയിൽ ഈ ആത്മാക്കൾ എന്നെ വളരെയധികം ആശ്വസിപ്പിച്ചവരാണ്. എന്റെ കയ്‌പേറിയ സഹനത്തിന്റെ ആഴക്കടലിൽ അവർ ആശ്വാസത്തിന്റെ തുള്ളികളായിരുന്നു.
പ്രാർത്ഥന
ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തിൽനിന്നും, ഞങ്ങളെല്ലാവർക്കും, ഓരോരുത്തർക്കും സമൃദ്ധമായ അളവിൽ പ്രസാദവരങ്ങൾ വർഷിക്കണമേ. സഹതാപനിർഭരമായ അങ്ങയുടെ ഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകണമേ. അവിടെനിന്ന് അകന്നുപോകാൻ ഞങ്ങളെ അനുവദിക്കരുതേ. സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള സ്നേഹത്താൽ അതിതീക്ഷ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന
അങ്ങയുടെ ഹൃദയത്തെപ്രതി ഈ അനുഗ്രഹം അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
നിത്യനായ പിതാവേ, വിശ്വസ്തരായ ആത്മാക്കളുടെമേൽ കരുണാർദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ. അവർ അങ്ങയുടെ പുത്രന്റെ അനന്തരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിനപീഡകളെപ്രതി അങ്ങയുടെ അനുഗ്രഹങ്ങൾ അവരിൽ ചൊരിയേണമേ. അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടു കൂടിയുണ്ടായിരിക്കണമേ. അങ്ങനെ അവർ അങ്ങയോടുള്ള സ്നേഹത്തിൽ പരാജയപ്പെടാതിരിക്കട്ടെ. അങ്ങയോടുള്ള പരിശുദ്ധമായ വിശ്വാസത്തിൽനിന്ന് അവർ അയഞ്ഞുപോകാതിരിക്കട്ടെ. പകരം സ്വർഗ്ഗത്തിലുള്ള എല്ലാ മാലാഖാമാരോടും വിശുദ്ധരോടുമൊപ്പം അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്ത്വപ്പെടുത്തുന്നതിന് അവർക്കിടയാവുകയും ചെയ്യട്ടെ, എപ്പോഴും എന്നേക്കും, ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)
നാലാം ദിവസം
ധ്യാനം
ഇന്ന് എല്ലാ അവിശ്വാസികളേയും ഇതുവരെ എന്നെ അറിയാത്തവരേയും എന്റെ പക്കൽ കൊണ്ടുവരിക. എന്റെ കയ്‌പേറിയ പീഡാസഹന സമയത്ത് ഞാൻ അവരെപ്പറ്റി ചിന്തിച്ചിരുന്നു. അവർക്ക് ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന തീക്ഷ്ണത എന്റെ വേദനിക്കുന്ന ഹൃദയത്തെ ആശ്വസിപ്പിക്കുന്നു. എന്റെ കരുണയുടെ കടലിൽ അവരെ മുക്കി എടുക്കുക.
പ്രാർത്ഥന
ഏറ്റവും കരുണയുള്ള ഈശോ, അങ്ങാകുന്നു ലോകം മുഴുവന്റെയും വെളിച്ചം ദയാനിർഭരമായ അങ്ങയുടെ ഹൃദയത്തിൽ അവിശ്വാസികളുടെയും അങ്ങയെ അറിയാത്തവരുടെയും ആത്മാക്കളെ സ്വീകരിക്കണമേ.
അങ്ങയുടെ കൃപാകിരണങ്ങൾ അവരെ പ്രകാശിപ്പിക്കുകയും അങ്ങനെ ഞങ്ങളോടു ചേർന്ന് അവരും അങ്ങയുടെ മഹനീയമായ കരുണയെ വാഴ്ത്തുവാനിടയാവുകയും ചെയ്യട്ടെ. കരുണാസമ്പന്നനായ അങ്ങയുടെ ഹൃദയത്തിൽ നിന്നും അകന്നുപോകാൻ അവരെ അനുവദിക്കരുതേ.
നിത്യനായ പിതാവേ, അങ്ങയിൽ വിശ്വസിക്കാത്തവരും അങ്ങയെ അറിയാത്തവരുമെങ്കിലും, ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തിൽ സ്ഥാനം ലഭിച്ചിരിക്കുന്ന ആത്മാക്കളുടെമേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. സുവിശേഷ വെളിച്ചത്തിലേക്ക് അവരെ ആനയിക്കേണമേ. അങ്ങയെ സ്നേഹിക്കുക എന്ന ആനന്ദപ്രദമായ അനുഭവമാണെന്ന് ഈ ആത്മാക്കൾ അറിയുന്നില്ല. അങ്ങയുടെ കരുണയുടെ സമൃദ്ധിയെ പുകഴ്ത്തുവാൻ ഇവർക്കും വരമേകണമേ. എപ്പോഴും എന്നേക്കും, ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)
അഞ്ചാം ദിവസം
ധ്യാനം
തിരുസഭാമാതാവിൽ നിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. എന്റെ കയ്‌പേറിയ പീഡാനുഭവവേളയിൽ എന്റെ സഭയാകുന്ന ശരീരത്തെയും ഹൃദയത്തെയും അവർ കീറിമുറിച്ചു. അവർ സഭൈക്യത്തിലേക്ക് തിരിച്ചുവരുമ്പോൾ എന്റെ മുറിവുകളെ സൗഖ്യപ്പെടുത്തുകയും അതുവഴി എന്റെ വേദന ലഘൂകരിക്കപ്പെടുകയും ചെയ്യും.
പ്രാർത്ഥന
ഏറ്റവും കരുണയുള്ള ഈശോ, നന്മയുടെ ഉറവിടമേ, അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അങ്ങു നിരസിക്കുകയില്ലല്ലോ. വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂർണ്ണഹൃദയത്തിൽ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നൽകി സഭയുടെ ഐക്യത്തിലേക്ക് അവരെആനയിക്കേണമേ. സഹതാപസമ്പൂർണ്ണമായ അങ്ങയുടെ ഹൃദയത്തിൽ നിന്ന് അകന്നുപോകുവാൻ അവരെ അനുവദിക്കരുതേ. പകരം അവർക്ക് അവിടെ സ്ഥാനം നൽകി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ.
നിത്യനായ പിതാവേ, വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ മേൽ പ്രത്യേകിച്ച്, അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ച് മനഃപ്പൂർവ്വം തെറ്റിൽ നിലനിൽക്കുന്നവരുടെമേൽ അങ്ങയുടെ ദയാദൃഷ്ടി തിരിക്കേണമേ. അവരുടെ പരാജയങ്ങളെ അങ്ങു പരിഗണിക്കരുതേ, അങ്ങയുടെ പുത്രന് അവരോടുള്ള സ്നേഹവും
അവർക്കുവേണ്ടി ഏറ്റ സഹനവും, അവർക്ക് ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങു പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ കരുണയെ പുകഴ്ത്തിപ്പാടുവാൻ അവരെ അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും, ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)
ആറാം ദിവസം
ധ്യാനം
ഇന്നു കൊച്ചുകുട്ടികളുടെയും, ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണയിൽ മുക്കിയെടുക്കുക. ഈ ആത്മാക്കളെല്ലാം എന്റെ ഹൃദയവുമായി ഏറ്റവുമധികം സാദൃശ്യമുള്ളവരാണ്. എന്റെ അതികഠിനമായ വേദനകളിൽ അവരെന്നെ ശക്തിപ്പെടുത്തി. എന്റെ ബലിപീഠങ്ങളിൾ ശ്രദ്ധാപൂർവ്വം ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാലാഖമാരായി ഞാൻ അവരെ കണ്ടു. പ്രസാദവരങ്ങളുടെ സർവ്വസമ്പത്തും അവരുടെ മേൽ വർഷിക്കും. എത്രയും എളിമയുള്ള ആത്മാക്കളെ എന്റെ വിശ്വാസംകൊണ്ട് അനുഗ്രഹിക്കും.
പ്രാർത്ഥന
ഏറ്റവും കരുണയുള്ള ഈശോ, ഞാൻ ശാന്തശീലനും വിനീതനുമാകയാൽ എന്നിൽ നിന്നു പഠിക്കുവിൻ എന്ന് അങ്ങുതന്നെ അരുൾ ചെയ്തിട്ടുണ്ടല്ലോ. വിനീതഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിർഭരമായ ഹൃദയത്തിൽ സ്വീകരിക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും സ്വർഗ്ഗത്തെ മുഴുവൻ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവസിംഹാസനത്തിനു മുമ്പാകെ
സുഖസുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളാണവർ. അവയുടെ മധുരസുഗന്ധമേറ്റ് ദൈവം തന്നെ സന്തോഷിക്കുന്നു.
ഈശോയുടെ കനിവു നിറഞ്ഞ ആത്മാക്കൾക്കൊരു നിത്യഗേഹമാണ്. സ്നേഹത്തിന്റെയും കരുണയുടെയും ഒരു മധുരഗാനം അവർ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
നിത്യനായ പിതാവേ, കനിവിന്നുറവായ ഈശോയുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെ ശാന്തതയും എളിമയുമുള്ളവരുടെ ആത്മാക്കളുടെ മേൽഅങ്ങയുടെ ദയയുള്ള ദൃഷ്ടികൾ പതിക്കണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിച്ഛായകളാണവർ. ഭൂമിയിൽ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വർഗ്ഗത്തിൽ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതാവേ, സർവ്വനന്മകളുടെയും ഉറവിടമേ,
ആത്മാക്കളോടുള്ള അങ്ങയുടെ സ്നേഹത്തെ പ്രതി ഞാൻ യാചിക്കുന്നു. ലോകം മുഴുവനെയും അങ്ങ് അനു
ഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളും ഒരുമിച്ച് അങ്ങയുടെ കരുണയുടെ സ്തുതികൾ പാടിപ്പുകഴ്ത്തുവാൻ ഇടവരട്ടെ. എപ്പോഴും എന്നേക്കും, ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)
ഏഴാം ദിവസം
ധ്യാനം
ഇന്ന്, എന്റെ കാരുണ്യത്തെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണയിൽ മുക്കിയെടുക്കുക. എന്റെ സഹനത്തിൽ ഏറ്റവുമധികം വേദനിക്കുകയും എന്റെ ചൈതന്യം ആഴമായി ഗ്രഹിച്ചിട്ടുള്ളവരുമാണീ ആത്മാക്കൾ. എത്രയും ദയയുള്ള എന്റെ ഹൃദയത്തിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണിവർ. വരാനിരിക്കുന്ന ജീവിതത്തിൽ പ്രത്യേകമായ ഒരു ശോഭയോടെ അവർ പ്രകാശിതരായിരിക്കും. അവരിലൊരാളുപോലും നിത്യനരകാഗ്നിയിൽ വീഴുകയില്ല. മരണസമയത്ത് വളരെ പ്രത്യേകമായ രീതിയിൽ അവരെ ഓരോരുത്തരെയും ഞാൻ സംരക്ഷിച്ചുകൊള്ളും.
പ്രാർത്ഥന
ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ ഹൃദയം സ്നേഹം തന്നെയാണല്ലോ അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കൾക്ക് അങ്ങയുടെ ഹൃദയത്തിൽ അഭയം നൽകണമേ. ദൈവത്തിന്റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠത നിറഞ്ഞവരാണ് ഈ ആത്മാക്കൾ ദുഃഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തിൽ ആശ്രയിച്ച് അവർ മുമ്പോട്ടുപോകുന്നു. (ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ
ആത്മാക്കൾ മാനവലോകത്തെ മുഴുവൻ തങ്ങളുടെ തോളിൽ സംവഹിക്കുന്നു. ഈ ആത്മാക്കൾ കഠിനമായി വിധിക്കപ്പെടുകയില്ല.) ഈ ജീവിതത്തിൽ നിന്നു പിരിയുമ്പോൾ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്തു സ്വീകരിക്കും.
നിത്യനായ പിതാവേ, ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളും അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നവരുമായ ആത്മാക്കളുടെ മേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷത്താൽ നിറഞ്ഞുതുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതനു കാരുണ്യത്തിന്റെ ഒരു ഗീതം ആലപിക്കുന്നു. അങ്ങയിൽ അവർ സമർപ്പിച്ചിരിക്കുന്ന പ്രതീക്ഷയ്ക്കും ശരണത്തിനും അനുസൃതമായി അവരോടു കരുണ കാണിക്കണമേയെന്ന് ഞാനങ്ങയോടു യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന ഈശോയുടെ വാഗ്ദാനംഅവരിൽ പൂർത്തിയാകട്ടെ എപ്പോഴും എന്നേക്കും. ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)
എട്ടാം ദിവസം
ധ്യാനം
ഇന്ന് ശുദ്ധീകരണസ്ഥലമായ തടവറയിൽ കിടന്ന് വേദനിക്കുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. എന്റെ രക്തത്തിന്റെ പ്രവാഹം അവരുടെ പൊള്ളിക്കുന്ന തീജ്വാലയെ തണുപ്പിക്കട്ടെ. ഈ ആത്മാക്കളെയെല്ലാം ഞാൻ വളരെയധികം സ്‌നേഹിക്കുന്നു. എന്റെ നീതിയ്ക്ക് അവർ പരിഹാരം ചെയ്യുകയാണ്. അവർക്കു മോചനം കൊടുക്കുവാനുള്ള ശക്തി നിങ്ങളിലാണുള്ളത്. എന്റെ സഭയുടെ ഭണ്ഡാഗാരത്തിലുള്ള എല്ലാ അനുഗ്രഹങ്ങളും സമാഹരിച്ച് അവർക്കുവേണ്ടി അർപ്പിക്കുക. അവർ അനുഭവിക്കുന്ന വേദനകൾ നീ അറിഞ്ഞിരുന്നെങ്കിൽ നീ നിന്റെ ആത്മാവിന്റെ ദാനങ്ങൾ അവർക്കായി നിരന്തരം സമർപ്പിച്ച് എന്റെ നീതി ആവശ്യപ്പെടുന്ന കടം വീട്ടുമായിരുന്നു.
പ്രാർത്ഥന
ഏറ്റവും കരുണയുള്ള ഈശോ, കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് അങ്ങുതന്നെയരുളിയിട്ടുണ്ടല്ലോ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അങ്ങയുടെ സഹതാപാർദ്രമായ ഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങേക്കു വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂർത്തിയാക്കേണ്ടവരാണവർ അങ്ങയുടെ ഹൃദയത്തിൽനിന്നു പുറപ്പെട്ട രക്തവും ജലവും അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടെയും പുകഴ്ത്തപ്പെടട്ടെ.
നിത്യനായ പിതാവേ, ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തിൽ സ്ഥാനമുള്ള ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. ഈശോ സഹിച്ച് കയ്പ്പ് നിറഞ്ഞ ക്ലേശങ്ങളെപ്രതിയും, അവിടുത്തെ ആത്മാവിൽ നിറഞ്ഞ എല്ലാ സഹനങ്ങളെ പ്രതിയും ഞാൻ അങ്ങയോടു യാചിക്കുന്നു. നീതിവിധിക്കു വിധേയരായിരിക്കുന്ന ആത്മാക്കളുടെ മേൽ അങ്ങയുടെ കാരുണ്യം വർഷിക്കേണമേ. അങ്ങയുടെ പ്രിയപുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങ് അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്നു ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)
ഒൻപതാം ദിവസം
ധ്യാനം
ആദ്ധ്യാത്മിക മന്ദതയിൽ കഴിയുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കാരുണ്യത്തിന്റെ കടലിൽ മുക്കിെയടുക്കുക. എന്റെ ഹൃദയത്തെ മുറിപ്പെടുത്തി വളരെയധികം വേദനിപ്പിക്കുന്ന ആത്മാക്കളാണിവർ. ഗത്സമേൻ തോട്ടത്തിൽ വച്ച് എന്റെ ആത്മാവ് തീവ്രമായ വേദന അനുഭവിച്ചത് ഈ മന്ദഹൃദയരായ ആത്മാക്കളെപ്രതിയാണ്; ‘പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകന്നുപോകട്ടെ’യെന്ന് മനോവ്യഥയോടെ പ്രാർത്ഥിച്ചത് ഈ ആത്മാക്കൾ കാരണമാണ്. അവർക്ക് രക്ഷപെടാനുള്ള മാർഗ്ഗം എന്റെ കാരുണ്യത്തിലേക്ക് ഓടിവന്ന് ശരണപ്പെടുക എന്നതാണ്.
പ്രാർത്ഥന
ഏറ്റവും കരുണയുള്ള ഈശോ, മന്ദതയിൽ നിപതിച്ച ആത്മാക്കളെ ഇന്ന് ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നിജ്വാലയാൽ ഒരിക്കൽകൂടി എരിയിക്കേണമേ. ഏറ്റവും കാരുണ്യമുള്ള ഈശോ അങ്ങയുടെ കാരുണ്യത്തിന്റെ മഹനീയ ശക്തി ഇവരിൽ പ്രവർത്തിപ്പിക്കേണമേ. അങ്ങയുടെ സ്നേഹത്തിന്റെ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കേണമേ. പരിശുദ്ധമായ സ്നേഹത്തിന്റെ ദാനം അവരിൽ ചൊരിയേണമേ. എന്തെന്നാൽ, യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ.
നിത്യനായ പിതാവേ, ഏറ്റവും ദയയുള്ള ഈശോയുടെ ഹൃദയത്തിൽ സ്ഥാനമുള്ള മന്ദത ബാധിച്ച് ആത്മാക്കളുടെ മേൽഅങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. കാരുണ്യത്തിന്റെ പിതാവേ, അങ്ങേ പുത്രന്റെ കയ്പേറിയ പീഡകളെ പ്രതിയും കുരിശിലെ മൂന്നു മണിക്കൂർ നേരത്തെ സഹനത്തെ പ്രതിയും ഞാനങ്ങയോടു യാചിക്കുന്നു.അങ്ങയുടെ ദയാദൃഷ്ടി അവരും അങ്ങയുടെ അഗാധമായ കാരുണ്യത്തെ മഹത്ത്വപ്പെടുത്തുവാനിടയാകട്ടെ, ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)
വിശുദ്ധ ഫൗസ്റ്റീന വരപ്പിച്ച ദിവ്യകാരുണ്യ യേശുവിന്റെ യഥാർത്ഥ ചിത്രം





