Home Malayalam Christian Prayers Daily Prayers in Malayalam | അനുദിന പ്രാർത്ഥനകൾ

Daily Prayers in Malayalam | അനുദിന പ്രാർത്ഥനകൾ

അനുദിന പ്രാർത്ഥനകൾ Daily prayers

Table of Contents

സാധാരണ ത്രിസന്ധ്യാ ജപം

കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു – പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു
1 നന്മ.

ഇതാ കര്‍ത്താവിന്‍റെ ദാസി – നിന്‍റെ വചനം പോലെ എന്നിലാകട്ടെ.
1 നന്മ.

വചനം മാംസമായി – നമ്മുടെ ഇടയില്‍ വസിച്ചു .
1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സർവ്വേശ്വരൻറെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു
ആമ്മേന്‍. 3 ത്രിത്വ

വിശുദ്ധവാര ത്രിസന്ധ്യാ ജപം

(വലിയ ബുധനാഴ്ച സായാഹ്നം മുതൽ ഉയിർപ്പുഞായറാഴ്ച വരെ ചൊല്ലേണ്ടത്)

മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വ‌ഴങ്ങി;

അതേ, അവിടന്ന് കുരിശുമരണത്തോളം കീഴ്വ‌ഴങ്ങി. അതിനാൽ സർവ്വേശ്വരൻ അവിടത്തെ ഉയർത്തി;

എല്ലാ നാമത്തെയുംകാൾ ഉന്നതമായ നാമം അവിടത്തേക്ക് നല്കി.

1 സ്വർഗ.

സർവ്വേശ്വരാ, ഞങ്ങളുടെ കർത്താവായ ഈശോ മിശിഹാ മർദ്ദകരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ട്, കുരിശിലെ പീഡകൾ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കൺപാർക്കണമേ എന്ന് അങ്ങയോടുകൂടി എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കർത്താവ് ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

ആമ്മേൻ.

പരിശുദ്ധാത്മാവിനോടുളള ജപം

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തിൽനിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചി ലിൽ സുഖമേ, ഉഷ്‌ണത്തിൽ തണുപ്പേ, കരച്ചിലിൽ സൈ്വര്യമേ, എഴുന്നള്ളി വരിക.

എത്രയും ആനന്ദത്തോടു കൂടിയായിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക. അങ്ങേ വെളിവു കൂടാതെ, മനുഷ്യരിൽ പാപമല്ലാതെ യാതൊന്നുമില്ല. വൃത്തിഹീനമായത് കഴുകുക. വാടിപ്പോയത് നനയ്ക്കുക. മുറിവേറ്റിരിക്കുന്നത് വച്ചുകെട്ടുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളത് മയപ്പെടുത്തുക. തണുത്തത് ചൂടു പിടിപ്പിക്കുക. നേർവഴിയല്ലാതെ പോയത് തിരിക്കുക. അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങൾ നല്കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങൾക്കു തരിക.

ആമ്മേൻ.

പരിശുദ്ധ രാജ്‌ഞി

പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്‌തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു.

ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേൻ.

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ, നിൻ്റെ സങ്കേതത്തിൽ ഓടിവന്ന്, നിൻ്റെ സഹായം തേടി, നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരു വനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസ ത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു.

വിലപിച്ച് കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തു കൊണ്ട് നിൻ്റെ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ! എൻ്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം

ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോടു സഹായം അപേക്ഷിച്ചതിൻ്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു.
ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ചും ഉണ്ണി ഈശോയെ അങ്ങ് ആലിംഗനം ചെയ്‌ത അങ്ങേ പൈതൃകമായ സ്നേഹത്തെ ക്കുറിച്ചും ഈശോമിശിഹാ തൻ്റെ തിരുരക്തത്താൽ നേടിയ അവകാശത്തിൻമേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്ത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

തിരുക്കുടുംബത്തിൻ്റെ എത്രയും വിവേകമുള്ള കാവൽക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്റെയും വഷളത്വത്തിൻ്റെയും കറകളൊക്കെയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ അന്ധകാര ശക്തികളോടു ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗത്തിൽ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.

അങ്ങ് ഒരിക്കൽ ഉണ്ണീയീശോയെ മരണകരമായ അപകടത്തിൽ നിന്നു രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിൻ്റെ തിരുസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ ശക്തി പ്രാപിച്ച് പുണ്യജീവിതം കഴിക്കാനും നല്ല മരണം ലഭിച്ച് സ്വർഗത്തിൽ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയാൽ ഞങ്ങളെല്ലാവരേയും എല്ലായ്പ്പോഴും കാത്തുകൊള്ളണമേ. ആമ്മേൻ.

മരിച്ച വിശ്വാസികൾക്കു വേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻ്റെ അനുഗ്രഹത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കർത്താവിൻ്റെ വിലതീരാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടാകണമേ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ. (5 പ്രാവശ്യം)

വിശുദ്ധ മിഖായേൽ മാലാഖയോടുള്ള ജപം

മുഖ്യദൂതനായ വി.മിഖായേലേ, സ്വർഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമെ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വിലകൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരണമേ.

അങ്ങയെ ആണല്ലോ തിരുസഭതന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവ് രക്ഷിച്ച ആത്മാ ക്കളെ സ്വർഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങു തന്നെയാണല്ലോ. ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാന ദാതാവായ ദൈവത്തോടു പ്രാർത്ഥിക്കണമേ.

പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതൻ്റെ മുമ്പിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനേയും അവന്റെ കൂട്ടുകാരേയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ ഇനി ഒരിക്കലും ജനങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. ആമ്മേൻ.

പ്രഭാത പ്രാർത്ഥന

സ്നേഹമുള്ള ഈശോയേ, അങ്ങുതന്ന ഈ പ്രഭാതത്തിന്റെ ആദ്യനിമിഷങ്ങളിൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു. കഴിഞ്ഞ രാത്രിയിൽ അങ്ങു നല്കിയ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. എന്റെ ശരീരവും ആത്മാവും ഇവയുടെ എല്ലാ കഴിവുകളും ഇന്നത്തെ എന്റെ എല്ലാ പ്രവൃത്തികളും പ്രാർത്ഥനകളും സന്തോഷങ്ങളും സങ്കടങ്ങളും വിചാരങ്ങൾപോലും പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയം വഴി, എന്റെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടെ യോഗ്യതകളോടു കൂടെ, അങ്ങേക്കു സമർപ്പിക്കുന്നു.

എന്റെ എല്ലാ ഉദ്യമങ്ങളെയും അങ്ങ് ആശീർവദിക്കണമേ. പ്രവൃത്തികളെ അങ്ങ് നിയന്ത്രിക്കണമേ. അങ്ങേ തിരുരക്തത്തിൽ പൊതിഞ്ഞ് എന്നെ സൂക്ഷിക്കണമേ. അങ്ങേ സ്നേഹത്തിൽനിന്ന് ഒരു ശക്തിക്കും എന്നെ അകറ്റാൻ കഴിയാതിരിക്കട്ടെ. ഞാനിന്നു ബന്ധപ്പെടുന്ന എല്ലാവരിലും അങ്ങയുടെ സ്നേഹം പകർന്നുകൊടുക്കുവാൻ കൃപ തരണമേ. ഞാൻ കാണുന്ന എല്ലാറ്റിനെയും അങ്ങ് ആഗ്രഹിക്കുന്നതുപോലെ കാണുവാൻ സാധിക്കട്ടെ. ഞാനിന്നു മരിക്കുവാൻ അങ്ങ് തിരുമനസ്സാകുന്നെങ്കിൽ അങ്ങേ തിരുമുഖം കാണുവാൻ എനിക്കിടയാക്കണമേ.

സ്നേഹമുള്ള ഈശോയേ, എൻ്റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും സ്നേഹിതരെയും ഗുരുജനങ്ങളെയും ഉപകാരികളെയും എൻ്റെ പ്രാർത്ഥന ആഗ്രഹിക്കുന്ന ഏവരേയും അങ്ങ് അനുഗ്രഹിക്കണമേ. അവരെയെല്ലാം അങ്ങയോടുള്ള ഐക്യത്തിൽ സദാ കാത്തുകൊള്ളണമേ. ആദ്ധ്യാത്മികവും ശാരീരികവുമായ അനുഗ്രഹങ്ങൾ അവർക്കു നല്‌കണമേ. വേദനയിൽ സഹനശക്തിയും അപകടങ്ങളിൽ ധൈര്യവും രോഗത്തിൽ ശാന്തിയും പ്രയാസങ്ങളിൽ സന്തോഷവും കൊടുത്തനുഗ്രഹിക്കണമേ.
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു നിത്യശാന്തി നല്കണമേ. ഇന്നു മരിക്കാനിരിക്കുന്നവർക്ക് അങ്ങയുടെ സ്നേഹത്തിന്റെ ശക്തി കാണിച്ചുകൊടുക്കണമേ. പ്രലോഭനങ്ങളിൽ അകപ്പെടുന്നവർക്ക് കരുണയും പുണ്യജീവിതം നയിക്കുന്നവർക്ക് സ്ഥിരതയും കൊടുക്കണമേ. സഭയെയും രാഷ്ട്രത്തെയും അനുഗ്രഹിക്കണമേ.

എന്റെ കാവൽ മാലാഖയേ, ദൈവത്തിൻ്റെ കൃപയാൽ അങ്ങേക്കു ഏല്പിക്കപ്പെട്ടിരിക്കുന്ന എന്നെ ഈ ദിവസം മുഴുവനും സ്നേഹപൂർവ്വം കാത്തുസൂക്ഷിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യണമേ. ആമ്മേൻ.

ഭക്ഷണത്തിനു മുമ്പുള്ള പ്രാർത്ഥന

സ്നേഹനിധിയായ ദൈവമേ, ഞങ്ങളെയും, അവിടന്ന് കാരുണ്യപൂർവം ഞങ്ങൾക്ക് നല്‌കിയ ഈ ആഹാരസാധനങ്ങളെയും ആശീർവദിക്കണമേ. ഇതു ഞങ്ങൾക്കായി ഒരുക്കിയ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ആമ്മേൻ.

ഭക്ഷണത്തിനു ശേഷമുള്ള പ്രാർത്ഥന

കർത്താവായ ദൈവമേ, അങ്ങു ഞങ്ങൾക്ക് നല്കിയ ഈ ആഹാരത്തെപ്രതി ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. വളർന്നു വലിയവരായി മറ്റുള്ളവർക്കു നന്മ ചെയ്‌ത്‌ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.

യാത്രയ്ക്കു പോകുമ്പോൾ ചൊല്ലാവുന്ന പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനായ ഈശോയേ, അങ്ങയുടെ അനന്തപരിപാലനയെ ഓർത്ത് ഞങ്ങൾ അങ്ങയെ സ്‌തുതിക്കുന്നു. അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവിടത്തെ അനുഗ്രഹത്തിനായി ഞങ്ങളിതാ അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.

കർത്താവേ, ഞങ്ങൾ ആരംഭിക്കുന്ന ഈ യാത്രയേയും അതിലെ എല്ലാ കാര്യങ്ങളേയും അങ്ങയുടെ പ്രത്യേക സംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി സമർപ്പിക്കുന്നു. ഈശോയേ, അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ (എന്നെ) അനുഗ്രഹിച്ചാലും. അങ്ങയുടെ സാന്നിദ്ധ്യവും സഹായവും ഈ യാത്രയിലുടനീളം ഞങ്ങൾക്ക് (എനിക്ക്) താങ്ങും തണലുമായിരിക്കട്ടെ. യാത്രയിലുണ്ടാകാവുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ (എന്നെ) കാത്തുകൊള്ളണമേ.

ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കു (എനിക്കു) വേണ്ടി അപേക്ഷിക്കണമേ. ഞങ്ങളെ (എന്നെ) കാക്കുന്ന കർത്താവിൻ്റെ മാലാഖമാരേ (മാലാഖയേ) ഞങ്ങൾക്ക് (എനിക്ക്) കൂട്ടായിരിക്കണമേ.

നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

യാത്രയ്ക്കു ശേഷം ചൊല്ലാവുന്ന പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, ഈ യാത്രയുടെ അവസാനത്തിൽ അങ്ങയുടെ അനന്തപരിപാലനയെ ഓർത്ത് നന്ദി പറയുവാനും അങ്ങയുടെ തിരുനാമം കീർത്തിക്കു വാനുമായി ഞാനിതാ അങ്ങയുടെ സന്നിധിയിൽ വന്നിരിക്കുന്നു.

കർത്താവേ, ഈ യാത്രാമദ്ധ്യേ അങ്ങ് എനിക്ക് നല്‌കിയ അനുഗ്രഹങ്ങളെയോർത്ത് ഞാനങ്ങയെ സ്‌തുതിക്കുന്നു. ഈ യാത്രയിൽ സംഭവിച്ച എല്ലാ കാര്യങ്ങളും എൻ്റെ ജീവിത നന്മയ്ക്ക് ഉപകരിക്കുമാറാകട്ടെ. അങ്ങനെ അങ്ങയെ കൂടുതൽ മഹത്ത്വപ്പെടുത്തുവാനും അങ്ങേക്കു പ്രീതികരമായി ജീവിക്കുവാനും എനിക്കിടയാകട്ടെ.

നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

ജോലിക്കു പോകുമ്പോൾ ചൊല്ലാവുന്ന പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നിൽ വിശ്വാസമർപ്പിച്ചുകൊണ്ട് അങ്ങുന്ന് എന്നെ ഭരമേല്പിച്ചിരിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയെ പ്രതി (അവരവരുടെ ജോലി യെക്കുറിച്ച് ഓർക്കുക) ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. മനുഷ്യസേവനത്തിനായി അങ്ങ് എനിക്കു നല്‌കിയിരിക്കുന്ന അവസരമായി ഈ ശുശ്രൂഷയെ കാണുവാനും അതിൽ അഭിമാനംകൊ ള്ളുവാനും എന്നെ അങ്ങുന്ന് അനുഗ്രഹിക്കണമേ.

എന്റെ എല്ലാ കഴിവുകളെയും സാഹചര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി ഞാൻ സമർപ്പിക്കുന്നു. എന്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് എന്റെ പക്കൽ അണയുന്ന എല്ലാ വരോടും സ്നേഹത്തോടും സൗമ്യതയോടും കൂടി പെരുമാറുവാൻ അങ്ങ് എന്നെ അനുഗ്രഹിക്കണമേ.

നീതിബോധത്തോടും സത്യ സന്ധതയോടും കൂടെ സേവനമനുഷ്‌ഠിക്കുവാനും നിരുത്തരവാദിത്വപരമായ പെരുമാറ്റം വഴി ആരേയും വേദനിപ്പിക്കാതിരിക്കുവാനും അങ്ങുന്ന് എന്നെ ശക്തനാക്കണമേ (ശക്തയാക്കണമേ). എന്റെ ചിന്തകളോ വാക്കുകളോ പ്രവൃത്തികളോ വഴി അങ്ങയുടെ മുമ്പിൽ കുറ്റക്കാരനായിത്തീരാൻ (കുറ്റക്കാരിയായിത്തീരാൻ) അങ്ങുന്ന് എന്നെ അനുവദിക്കരുതേ. എല്ലായ്‌പ്പോഴും അങ്ങേക്കു പ്രീതികരമായ വിധം ശുശ്രൂഷ ചെയ്തുകൊണ്ട് അവിടത്തെ മഹത്ത്വപ്പെടുത്തുവാനും അവസാനം ഞങ്ങളെല്ലാവരുമൊരുമിച്ച് അങ്ങയുടെ മഹത്ത്വത്തിൽ പങ്കുകാരാകുവാനും ഞങ്ങളെ അങ്ങുന്ന് അനുഗ്രഹിക്കണമേ.

നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

വിദ്യാർത്ഥികൾക്കായുള്ള പ്രാർത്ഥന

എന്റെ ഹൃദയത്തിൽ വസിക്കുന്ന ത്രിതൈക ദൈവമേ, അങ്ങയെ ഞാൻ ആരാധിക്കുകയും സ്‌തുതിക്കുകയും അങ്ങേക്കു നന്ദി പറയുകയും ചെയ്യുന്നു.

എന്നെ തിന്മയിലേക്കു നയിക്കുന്ന എല്ലാ ആസക്തികളെയും, ചിന്തകളെയും, വികാരവിചാരങ്ങളെയും നിയന്ത്രിച്ച് മനസ്സിനെയും, ബുദ്ധിയെയും യേശുവിന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. എൻ്റെ മാതാപിതാക്കളെയും ഗുരുഭൂതരെയും സ്നേഹിക്കാനും, അനുസരിക്കാനും എന്നെ പഠിപ്പിക്കണമേ. ബോധജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവിടമായ ഈശോയേ, എന്നെ പൂർണ്ണമായി ഞാൻ സമർപ്പിക്കുന്നു. എന്റെ സഹായകനായ പരിശുദ്ധാത്മാവേ, പഠനകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ എന്നെ സഹായിക്കണമേ. നേരായ ബുദ്ധി, ഓർമ്മ, അറിവ് എന്നിവയാൽ നിറച്ച്, പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കുവാൻ അങ്ങ് എന്നെ സഹായിക്കണമേ.

പരിശുദ്ധ അമ്മ വഴി ഞാൻ സമർപ്പിക്കുന്ന ഈ പ്രാർത്ഥന സ്വീകരിക്കണമേ. ആമ്മേൻ.
യേശുവേ നന്ദി, യേശുവേ സ്‌തുതി, യേശുവേ സ്തോത്രം.

പരീക്ഷയ്ക്കു പോകുമ്പോൾ ചൊല്ലാവുന്ന പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, അങ്ങയുടെ പ്രത്യേക അനുഗ്രഹം സ്വീകരിക്കുവാനായി അവിടത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്ന എന്നെ അങ്ങ് കരുണാപൂർവ്വം അനു ഗ്രഹിക്കണമേ. പരീക്ഷ എഴുതുവാനായി പോകുന്ന എന്നേയും എന്റെ എല്ലാ കഴിവുകളേയും അങ്ങേക്കു ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ വലതുകരം നീട്ടി എന്നെ അനുഗ്രഹിച്ചാലും.

വിശുദ്ധഗ്രന്ഥവും പ്രവചനങ്ങളും ഗ്രഹിക്കുവാൻ പരിശുദ്ധാത്മാവിനെ അയച്ച് ശ്ലീഹന്മാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്ത കർത്താവേ, എൻറെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. പഠിച്ച കാര്യങ്ങൾ വേണ്ടവിധം ഓർക്കുവാനും ചോദ്യങ്ങൾ യഥോചിതം മനസ്സിലാക്കി. കൃത്യമായി ഉത്തരം എഴുതുവാനും ആവശ്യമായ കൃപാവരം അങ്ങെനിക്കു നല്‌കണമേ.

അങ്ങയുടെ പ്രത്യേക സംരക്ഷണവും പരിപാലനയും ഈ പരീക്ഷയിലുടനീളം എനിക്കു ലഭിക്കുമാറാകട്ടെ. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങേ മഹത്ത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ എന്നെ അങ്ങു സഹായിക്കുകയും ചെയ്യണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
എന്നെ കാക്കുന്ന കർത്താവിൻ്റെ മാലാഖയേ, എനിക്കു കൂട്ടായിരിക്കണമേ.

നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

വി. ഫ്രാൻസിസ് അസ്സീസിയുടെ സമാധാന പ്രാർത്ഥന

കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിൻ്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ.

ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹി ക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു ജനിക്കുന്നത്. ആമ്മേൻ.

കുടുംബ വിശുദ്ധീകരണത്തിന് പ്രാർത്ഥന

കുടുംബത്തെ സ്ഥാപിക്കുകയും കുടുംബജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്‌ത പിതാവും പുത്രനും പരിശുദ്ധാത്മാവ മായ ദൈവമേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു. ഞങ്ങൾക്കു നല്കിയിട്ടുള്ള ആത്മീകവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾ ചെയ്‌തുപോയിട്ടുള്ള പാപങ്ങളെക്കുറിച്ച് മനസ്‌തപിക്കുന്നു. അവയ്ക്ക് ഞങ്ങൾ മാപ്പപേക്ഷിക്കുന്നു.

ഞങ്ങളുടെ ഭവനത്തിൽ അങ്ങു വാസമുറപ്പിക്കണമേ. ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും വ്യാപാരങ്ങളും അങ്ങ് നിയന്ത്രിക്കണമേ. വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളർത്തണമേ. പരസ്‌പര സ്നേഹവും ബഹുമാനവും ഞങ്ങൾക്കു നല്‌കണമേ. ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കണമേ.

ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പ്രേക്ഷിതരെ വിളിക്കണമേ, രോഗികളേയും ആസന്നമരണരേയും കാത്തു പരിപാലിക്കണമേ. പാപസാഹചര്യത്തിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ ഓരോരുത്തരേയും കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ കുടുംബത്തിൽ നിന്നു മരിച്ചുപോയിട്ടുള്ളവർക്ക് സ്വർഗഭാഗ്യം നല്കണമേ. ഞങ്ങളുടെ അയല്ക്കാരേയും ചാർച്ചക്കാരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ഞങ്ങളെല്ലാവരും അവസാനം അങ്ങയോടൊന്നിച്ച് സ്വർഗ ഭാഗ്യം അനുഭവിക്കുവാൻ ഇടവരുത്തുകയും ചെയ്യണമേ. ആമ്മേൻ.

കുടുംബ പ്രതിഷ്‌ഠാജപം

(മാസാദ്യ വെള്ളിയാഴ്‌ച തിരുഹൃദയരൂപത്തിനു മുമ്പാകെ ചൊല്ലേണ്ടത്)

ക്രിസ്‌തീയ കുടുംബങ്ങളിൽ വാഴുവാനുള്ള ആഗ്രഹം ഭാഗ്യവതിയായ മർഗ്ഗരീത്താ മറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധ ഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുള്ള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇപ്പോൾ തുടങ്ങി അങ്ങേയ്ക്ക ഇഷ്ടമുള്ള ജീവിതം നയിക്കാൻ ഞങ്ങൾ മനസ്സാകുന്നു. ഈ ലോകജീവിതത്തിൽ, ഏതെല്ലാം സുകൃതങ്ങൾ അഭ്യസിച്ചാൽ സമാധാനം തരുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങൾ ഈ കുടുംബത്തിൽ സമൃദ്ധമായി വളരുന്നതിന് ഞങ്ങൾ യത്നിക്കുന്നതാണ്. അങ്ങ് ശപിച്ചിരിക്കുന്ന ലോകാരൂപിയെ ഞങ്ങളിൽ നിന്ന് ദൂരത്തിൽ അകറ്റുന്നതിനു ഞങ്ങൾ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും, അങ്ങയോടുള്ള ഉജ്ജ്വലമായ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളിലും വാഴണമേ, ഈ സ്നേഹാഗ്നി കൂടെക്കൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണത്തിൽ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങൾ പരിശ്രമിക്കും.

ഓ, ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളിൽ അദ്ധ്യക്ഷ പീഠമലങ്കരിക്കുവാൻ അങ്ങു മനസ്സാകണമേ. ഞങ്ങളുടെ ആത്മീയവും, ലൗകികവുമായ സംരംഭങ്ങളെ അങ്ങ് ആശീർവദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠ‌കളെയും ആകുലചിന്തകളെയും ഞങ്ങളിൽനിന്ന് അകറ്റണമേ. ഞങ്ങളുടെ സന്തോഷങ്ങളെ അങ്ങ് സംശുദ്ധമാക്കണമേ. ഞങ്ങളുടെ ക്ലേശങ്ങളെ ലഘൂകരിക്കണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയുടെ അനിഷ്‌ടത്തിൽ വീഴാനിടയായാൽ, ഓ, ദിവ്യഹൃദയമേ, അങ്ങ് മനസ്തപിക്കുന്ന പാപിയോട് എപ്പോഴും നന്മയും കരുണയും കാണിക്കുന്നവനാണെന്ന് അയാളെ ഓർമ്മിപ്പിക്കണമേ.

ജീവിതാന്ത്യത്തിൽ അന്ത്യവേർപാടിൻ് മണിനാദം മുഴങ്ങുകയും, മരണം ഞങ്ങളെ സന്താപത്തിൽ ആഴ്ത്തുകയും ചെയ്യുമ്പോൾ അങ്ങയുടെ അലംഘനീയമായ ആ കല്പന സ്വമേധയാ അനുസരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഈ കുടുംബാംഗങ്ങളെല്ലാവരും മോക്ഷത്തിൽ ഒന്നുചേർന്ന് അങ്ങയുടെ മഹത്ത്വത്തെയും കാരുണ്യത്തെയും പാടിസ്‌തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുള്ള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.

മറിയത്തിന്റെ വിമലഹൃദയവും, മഹത്ത്വമേറിയ പിതാവായ വിശുദ്ധ യൗസേപ്പും ഈ പ്രതിഷ്ഠയെ അങ്ങേക്ക് കാഴ്ചവയ്ക്കകയും ഇതിന്റെ ഓർമ്മ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തിൽ ആവിർഭവിപ്പിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവും രക്ഷകനുമായ ഈശോയുടെ ദിവ്യഹൃദയത്തിന് എല്ലാ മഹത്ത്വവും സ്‌തുതിയും ഉണ്ടായിരിക്കട്ടെ.

ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ, ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ.

മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ മർഗ്ഗരീത്താ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മാതാവിൻ്റെ വിമല ഹൃദയത്തോടുള്ള പ്രതിഷ്‌ഠാജപം

ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവർഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധംകൊണ്ടും അവിശ്വാസം കൊണ്ടും അധഃപതിച്ചുപോകുന്ന ലോകത്തേയും പല വിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയേയും വിവിധ സങ്കടങ്ങൾ നിമിത്തം വലയുന്നവരായ ഞങ്ങളേയും അങ്ങേ അമലോത്ഭവ ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങൾക്കും ലോകത്തിനുമായി വാങ്ങിത്തരണമേ.

അങ്ങേ വിമലഹൃദയത്തിനു പ്രതിഷ്ഠിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്ന തിനും പ്രേഷിത ചൈതന്യത്തിൽ വളർന്നുവരുന്നതിനും അനുഗ്രഹിക്കണമേ. തിരുസഭാംബികേ, തിരുസഭയ്ക്ക് സർവ്വസ്വാതന്ത്ര്യവും സമാധാനവും അരുളണമേ. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങുനയിക്കണമേ. മാനവ വംശത്തിനു വേണ്ടിയുള്ള ഈശോയുടെ സമർപ്പണത്തോടു യോജിച്ച് അങ്ങയോടു വിശ്വസ്തത പുലർത്തി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ.

അമലോത്ഭവഹൃദയമേ, മനുഷ്യഹൃദയങ്ങളിൽ രൂപംകൊള്ളുന്ന തിന്മയുടെ ശക്തികളെയും, മാനവ പുരോഗതിയെ തളർത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളേയും നേരിടാനുള്ള കഴിവു ഞങ്ങൾക്ക് നല്കണമേ. പരിശുദ്ധ അമ്മേ, ഞങ്ങളുടെ മാർപാപ്പമാർ അങ്ങേക്കു സമർപ്പിച്ചിട്ടുള്ളതും കാലാകാലങ്ങളിൽ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോത്ഭവ ഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേൻ.

മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.

കരുണയുടെ ജപം (വലുത്)

കാരുണ്യവാനായ ദൈവമേ, അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ബലഹീനരും പാപികളുമായ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും അധികാരികളും വഴിവന്നുപോയ സകല തെറ്റുകളും കുറ്റങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ. അവിടത്തെ പ്രിയപുത്രൻ ഞങ്ങൾക്കു വേണ്ടി ചിന്തിയ വിലയേറിയ തിരുരക്തത്താൽ കഴുകി, ഞങ്ങളെ വിശുദ്ധീകരിക്കുകയും ശിക്ഷാവിധിയിൽ ഉൾപ്പെടുത്താതെ അങ്ങ യുടെ സ്വന്തമായി ഞങ്ങളെ സ്വീകരിക്കുകയും ചെയ്യണമേ. അങ്ങയുടെ വിശുദ്ധ കുരിശിന്റെ ശക്തിയാൽ ഞങ്ങളെ രക്ഷിക്കുകയും പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ കാത്തുകൊള്ളുകയും ചെയ്യണമേ.

നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

ക്ഷമയുടെ പ്രാർത്ഥന

ക്ഷമിച്ചുകൊണ്ട് സഹിക്കുകയും സഹിച്ചുകൊണ്ട് മരിക്കുകയും ചെയ്ത സ്നേഹനാഥാ, എന്നെ വേദനിപ്പിച്ചവരോടെല്ലാം അങ്ങേ തിരുനാമത്തിൽ ഞാൻ ക്ഷമിക്കുന്നു. ഞാൻ വേദനിപ്പിച്ചവരോ ടെല്ലാം അങ്ങേ തിരുനാമത്തിൽ ഞാൻ മാപ്പ് അപേക്ഷിക്കുന്നു. അവർക്ക് എന്നോ ടു ക്ഷമിക്കാൻ കൃപ നല്‌കണമേ.

നാഥാ, ഇന്നേ ദിവസം ആരുടെയെല്ലാം തിന്മ ഞാൻ കാണുകയോ, കേൾക്കുകയോ, അറിയുകയോ ചെയ്യുന്നുവോ അവർ ക്കുവേണ്ടി ഞാൻ മാപ്പ് അപേക്ഷിക്കുന്നു. അവരോടു ക്ഷമിക്കുന്നു. യേശുനാഥാ, ഞങ്ങൾ ഏവരേയും അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളുടെ മുറിവ് ഉണക്കണമേ. അങ്ങേ സന്തോഷവും, സമാധാനവും, സ്നേഹവുംകൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് നല്കണമേ.
ഈശോയേ, കുഞ്ഞുനാളിൽ സ്നേഹം തിരസ്‌കരിക്കപ്പെട്ടപ്പോൾ എനിക്കുണ്ടായിട്ടുള്ളതും ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ മുറിവുകളെയും, പ്രശ്‌നങ്ങളെയും, ദുഃഖങ്ങളെയും ഓർത്ത് ഞാൻ അങ്ങയെ സ്‌തുതിക്കുന്നു.

യേശുവേ, എൻറെ തകർച്ചയുടെയും ദുഃഖത്തിന്റെയും രോഗ പീഡകളുടെയും അവസരത്തിൽ അങ്ങേ ആത്മാവാൽ എന്നെ നിറയ്ക്കണമേ. എൻ്റെ വേദനകളും സഹനങ്ങളും എല്ലാം അങ്ങേ പീഡാസഹനങ്ങളോടു ചേർത്ത് രക്ഷണീയമാക്കി തീർക്കണമേ. ആമ്മേൻ.
യേശുവേ നന്ദി, യേശുവേ സ്തോത്രം.

പാപ പരിഹാര ജപം

എന്റെ സ്വർഗീയ പിതാവേ, ഇന്നുവരെ ഞാൻ ചെയ്തു‌പോയ എല്ലാ പാപങ്ങളെയും അങ്ങയുടെ സന്നിധിയിൽ വരുത്തിയ കുറ്റകരമായ വീഴ്‌ചകളെയും ഓർത്ത് പൂർണ്ണ ഹൃദയത്തോടെ ഞാൻ അനുതപിക്കുന്നു. പാപവും പാപവഴി കളും ഞാൻ വെറുത്ത് ഉപേക്ഷിക്കുന്നു. യേശുവിനെ എൻ്റെ കർത്താവും രക്ഷക നുമായി ഞാൻ സ്വീകരിക്കുന്നു. എൻ്റെ എല്ലാ പാപങ്ങൾക്കും പരി ഹാരമായി ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളും കുരിശുമരണവും ഉത്ഥാനവും ഞാൻ അങ്ങേക്കു കാഴ്ച‌വയ് ക്കുന്നു. എന്റെ പിതാവേ, അവിടത്തെ തിരുക്കുമാരന്റെ തിരുരക്ത ത്താൽ എന്നെ കഴുകി വിശുദ്ധീകരിച്ച് അവിടത്തെ അരൂപിയാൽ നിറയ്ക്കണമേ. ആമ്മേൻ.
(കുമ്പസാരത്തിന് മുമ്പ് ആവർത്തിച്ചു ചൊല്ലി പ്രാർത്ഥിക്കുക.)

ബന്ധന പ്രാർത്ഥന

ഈശോയുടെ നാമത്തിൽ, ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയാൽ, ഈശോയുടെ കുരിശിൻ്റെ അടയാളത്തിൽ എല്ലാ നാരകീയ ശക്തികളെയും പൈശാചിക സാന്നിദ്ധ്യങ്ങളെയും ഞാൻ ബന്ധിക്കുന്നു. നാരകീയ ശക്തികളേ, അന്ധകാര ശക്തികളേ നിങ്ങളോടു ഞാൻ കല്പിക്കുന്നു; നസ്രായനായ യേശുവിന്റെ നാമത്തിൽ എന്നെയും ഈ കുടുംബത്തെയും (ഈ സ്ഥാപനത്തെയും) വിട്ടുപോകുക. നിത്യ നരകാഗ്നിയിലേക്കു പോകുക. ഇനി ഒരിക്കലും മടങ്ങി വരരുതെന്ന് ഈശോയുടെ തിരുനാമത്തിൽ ഞാൻ കല്പ്പിക്കുന്നു.
യേശുവേ സ്തോത്രം, യേശുവേ നന്ദി.

പാപികളുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥന

സർവ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്‌തുതിക്കുകയും ചെയ്യുന്നു. സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്‌ടിക്കുകയും പാപംമൂലം അധഃപതിച്ച മനുഷ്യകുലത്തെ രക്ഷിക്കാൻ വേണ്ടി തൻ്റെ തിരുക്കുമാരനെ അയയ്ക്കകയും ചെയ്‌ത സ്നേഹത്തെ ഓർത്ത് അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു.

അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോയിലൂടെ ഞങ്ങളെ മാനസാന്തരത്തിലേക്കു ക്ഷണിക്കുകയും നിത്യജീവിതത്തിലേക്കാനയിക്കുകയും ചെയ്ത കർത്താവേ,… എന്ന ദുഃശീലത്തിന്റെ / തിന്മയുടെ അടിമയായിരിക്കുന്ന (പേര് പറയുക) എന്ന സഹോദരൻ്റെ / സഹോദരിയുടെ മേൽ കരുണയായിരിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങൾ നശിക്കും എന്നരുളിച്ചെയ്തു കൊണ്ട് പാപവും പാപസാഹചര്യങ്ങളും വിട്ടകലുവാൻ ആഹ്വാനം ചെയ്‌ത കർത്താവേ, തിന്മയെയും അതിൻ്റെ സാഹചര്യങ്ങളെയും ഉപേക്ഷിക്കാൻ ആവശ്യമായ എല്ലാ കൃപകളുംകൊണ്ട് ഈ സഹോദരനെ/ സഹോദരിയെ അനുഗ്രഹിക്കണമേ. അങ്ങയുടെ പിയപുത്രൻ സഹിച്ച പാടുപീഡകളേയും കുരിശുമരണത്തേയും ഓർത്ത് തിന്മയുടെ എല്ലാ ബന്ധനങ്ങളിലും നിന്ന് ഈ സഹോദജാനെ / സഹോദരിയെ മോചിപ്പിക്കുകയും അങ്ങയുടെ തിരുക്കുമാരനായ ഈശോയേയും അവിടത്തെ ആത്മാവിനേയും സ്വീകലിക്കുവാൻ തക്കവിധം ഇയാളുടെ ഹൃദയത്തെ തുറക്കുകയും ചെയ്യണമേ. പാപമോചനത്തിനായി അവിടന്നു കുരിശിൽ ചിന്തിയ തിരുരക്തം തളിച്ച് ഇയാളെ വിശുദ്ധീകരിക്കുകയും എല്ലാവിധ പൈശാചിക ശക്തിയിൽ നിന്നും, പാപഫലങ്ങളിൽ നിന്നും അവിടത്തെ വി. കുരിശിൻ്റെ ശക്തിയാൽ രക്ഷിക്കുകയും ചെയ്യണമേ.

അങ്ങേ പ്രിയപുത്രനായ ഈശോയിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കളാകുവാനുള്ള വരം നല്കിയിരിക്കുന്ന ദൈവമേ, ഈശോയിൽ വിശ്വസിക്കുവാനും, അവിടത്തെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ദൈവമായ അങ്ങയെ പിതാവേ എന്നു വിളിക്കുവാനും ഇയാളെ അനുഗ്രഹിക്കണമേ. അങ്ങനെ ഞങ്ങളെല്ലാവരും ഒത്തൊരുമിച്ച് അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുവാനും അങ്ങയെ മഹത്ത്വപ്പെടുത്തുവാനും ഞങ്ങൾക്കിടയാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.
1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

രാത്രി ജപം

സർവ്വശക്തനായ ദൈവമേ, ഞാൻ അങ്ങിൽ വിശ്വസിക്കുന്നു, അങ്ങിൽ ശരണപ്പെടുന്നു. അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ ആരാധിക്കുന്നു. അങ്ങിൽ വിശ്വസിക്കുകയും ശരണപ്പെടുകയും അങ്ങയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യാതിരിക്കു ന്നവർക്കു വേണ്ടിക്കൂടി ഞാൻ അങ്ങിൽ വിശ്വസിക്കുകയും ശരണപ്പെടുകയും അങ്ങയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

വഴിയും സത്യവും ജീവനുമായ ക്രിസ്തുനാഥാ, മുറിവേറ്റ അങ്ങയുടെ തൃക്കരങ്ങൾ എൻ്റെ തലയിൽ വച്ചാശീർവദിച്ച് പ്രഭാതത്തിൽ എന്നെ അങ്ങ് യാത്രയാക്കിയതാണ്. എൻ്റെ ജോലികൾ അവസാനിപ്പിച്ച ശേഷം അങ്ങയോടു നന്ദി പറയുവാനായി ഞാൻ അങ്ങയുടെ സന്നിധിയിൽ എത്തിയിരിക്കുന്നു. അങ്ങയുടെ കരങ്ങൾ എന്നെ താങ്ങിയില്ലായിരുന്നെങ്കിൽ ഞാൻ പലവട്ടം വീണു പോകുമായിരുന്നു. എൻ്റെ ഈശോയേ, അങ്ങയുടെ തിരുമുറിവുകളെക്കുറിച്ച് എൻ്റെ പാപങ്ങൾ പൊറുക്കണമേ, എന്നെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ ദിവ്യപ്രചോദനമനുസരിച്ച് പ്രവർത്തിക്കാതിരുന്നിട്ടുള്ളതിനെപ്പറ്റി ഞാൻ പശ്ചാത്തപിക്കുന്നു. കൂടുതൽ തീഷ്‌ണതയോടെ ജീവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, മാലാഖമാരുടെ കീർത്തനങ്ങളോടുകൂടെ, വിശ്രമത്തിന് ഒരുക്കമായി ഞാൻ അർപ്പിക്കുന്ന ഈ നിശാപ്രാർത്ഥനയും സ്വീകരിക്കണമേ. രാത്രികാലത്ത് എന്നെ സംരക്ഷിക്കുവാൻ അങ്ങയുടെ ദൂതന്മാരെ നിയോഗിക്കണമേ. എൻ്റെ ജീവിതയാത്ര അവസാനിക്കുമ്പോൾ നിത്യഭാഗ്യത്തിൻ്റെ കവാടങ്ങൾ എനിക്കു തുറന്നു തരികയും ചെയ്യണമേ. അമലോത്ഭവയായ മറിയമേ, അങ്ങിൽ അഭയം തേടുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.

ഉറങ്ങാൻ പോകുന്നതിന് മുമ്പും മറ്റവസരങ്ങളിലും ചൊല്ലാവുന്ന പ്രാർത്ഥന

യൂദന്മാരുടെ രാജാവായ നസ്രായക്കാരൻ ഈശോയെ, പെട്ടെ ന്നുള്ള മരണത്തിൽനിന്നും, അപകടങ്ങളിലും അസുഖങ്ങളിലും നിന്നും, ഭയത്തിലും പൈശാചിക ബാധയിൽനിന്നും, ദുഷ്ചിന്തകളിലും ദുഷ്‌ചര്യകളിലും നിന്നും എന്നേയും എൻ്റെ കുടുംബത്തേയും കാത്തുരക്ഷിക്കണമേ. ആമ്മേൻ

(നെറ്റിയിൽ യു.രാ.ന.ഈ. എന്നു വരച്ചുകൊണ്ട് ഈ സുകൃതജപം ചൊല്ലുന്നു.)

ജീവിത പങ്കാളിയെ ലഭിക്കുവാൻ പ്രാർത്ഥന

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്‌ടിച്ച അങ്ങയെ ഞാൻ സ്തുതിക്കുന്നു. അവരെ ദാമ്പത്യത്തിലേക്ക് നയിക്കുകയും മാതാപിതാക്കൻമാരാക്കി ഉയർത്തുകയും ചെയ്‌ത അങ്ങയുടെ അനന്തപരിപാലനയെ ഞാൻ വാഴ്ത്തുന്നു.

ദാമ്പത്യ ജീവിതത്തിനുള്ള അഭിലാഷവും പ്രേരണയും നല്കി എന്നെ അനുഗ്രഹിച്ച അങ്ങയോടു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ തിരുഹിതമനുസരിച്ചു ദാമ്പത്യ ജീവിതം നയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഹൃദയാഭിലാഷങ്ങളും പ്രതീക്ഷകളും നന്മയും എന്നേക്കാൾ നന്നായി അറിയുന്ന കർത്താവേ, എനിക്ക് ഏറ്റം യോജിച്ച ഒരു ജീവിതപങ്കാളിയെ അങ്ങുതന്നെ എനിക്കായി തിരഞ്ഞെടുത്തു തരണമേ. എനിക്ക് അനുയോജ്യയായ വധുവിനെ / അനുയോജ്യ നായവരനെ, കണ്ടെത്തുവാൻ വേണ്ടി എൻ്റെ പ്രിയപ്പെട്ടവർ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ സഫലമാക്കണമേ.

തോബിയാസിനെയും സാറായെയും അത്ഭുതകരമായി തിരഞ്ഞെടുത്ത്, അവരെ സൗഭാഗ്യകരമായ ദാമ്പത്യത്തിലേക്കുയർത്തിയ കർത്താവേ, അനാദിമുതലേ എനിക്കായി അങ്ങു തെരഞ്ഞെടു ത്തിട്ടുള്ള വധുവിനെ / വരനെ, എനിക്കു കാണിച്ചു തരണമേ. ഞങ്ങളുടെ വിവാഹം യഥാകാലം മംഗളകരമായി നടക്കുവാൻ അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേൻ.

ദമ്പതികളുടെ പ്രാർത്ഥന

സർവ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയുടെ അനുഗ്രഹത്തോടെ ഞങ്ങൾ സമാരംഭിച്ച ദാമ്പത്യ ജീവിതത്തെ ഓർത്ത് ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്‌തുതിക്കുകയും അങ്ങേക്കു നന്ദി പറയുകയും ചെയ്യുന്നു. വിശ്വസ്‌തതയോടും വിശുദ്ധിയോടും കൂടെ പരസ്‌പര സ്നേഹത്തിലും ധാരണയിലും ജീവിക്കുവാൻ അങ്ങ് ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ആശകളും അഭിലാഷങ്ങളും, പ്രതീക്ഷകളും ഉത്‌കണ്ഠകളും, വിജയങ്ങളും പരാജയങ്ങളും, സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഒരുപോലെ സ്നേഹത്തോടെ പങ്കുവയ്ക്കുവാൻ ഞങ്ങളെ അങ്ങ് ശക്തരാക്കണമേ.

പരസ്‌പരം പഴിചാരാനും കുറ്റപ്പെടുത്താനും ഞങ്ങളെ അങ്ങ് അനുവദിക്കരുതേ. എല്ലാവിധ തെറ്റിദ്ധാരണകളിൽ നിന്നും അസ്വസ്ഥതകളിൽനിന്നും അങ്ങു ഞങ്ങളെ കാത്തുകൊള്ളണമേ ലോകത്തിലെ യാതൊരു ശക്തിക്കും വ്യക്തിക്കും ഞങ്ങളെ വേർതിരിക്കാൻ കഴിയാതിരിക്കട്ടെ. ഞങ്ങളുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും ഏകമനസ്സോടെ അങ്ങയുടെ സന്നിധിയിൽ അണയാനും പ്രാർത്ഥനയിൽ അഭയം കണ്ടെത്താനും ഞങ്ങളെ സഹായിക്കണമേ.

സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും വേണ്ട ശക്തി ഞങ്ങൾക്കു നല്കണമേ. അങ്ങുന്ന് ഞങ്ങളെ ഭരമേല്പിച്ചിരിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും വിശ്വസ്‌തതയോടെ നിറവേറ്റി, അങ്ങേക്കു പ്രീതികരമായ വിധം ജീവിക്കുവാൻ ഞങ്ങളെ അങ്ങു സഹായിക്കണമേ.

കർത്താവേ, അങ്ങ് ഞങ്ങൾക്ക് ദാനമായി നല്‌കിയിരിക്കുന്ന മക്കളെ ഓർത്ത് (പേരുകൾ ഓർക്കുക) ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ അനന്തമായ സ്നേഹത്തിലും അങ്ങയിലുള്ള വിശ്വാസത്തിലും അങ്ങേക്കു പ്രീതികരമായ ജീവിതത്തിലും വളർന്നുവരുവാൻ അവരെ അങ്ങ് സഹായിക്കുകയും തിന്മയുടെ എല്ലാവിധ ശക്തികളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും അവരെ കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങനെ ഞങ്ങളെല്ലാവരും ഒത്തൊരുമിച്ച് അങ്ങയുടെ സ്വർഗീയഭവനത്തിൽ എത്തിച്ചേരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

വൈദികർക്കുവേണ്ടി പ്രാർത്ഥന

നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദികർക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹ്യദയത്തിൽ അഭയം നല്‌കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമ്മലമായി കാത്തുകൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിൻ്റെ മഹനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്‌തുക്കളിൽനിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യ സ്നേഹം അവരെ ലോകതന്ത്രങ്ങളിൽ നിന്നു സംരക്ഷിക്കട്ടെ, അവരുടെ പ്രയത്നങ്ങൾ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവർ ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും പരത്തിൽ നിത്യസൗഭാഗ്യത്തിൻ്റെ മകുടവും ആയിത്തീരട്ടെ. ആമ്മേൻ.
ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദികശുശ്രൂഷകരെയും ശുദ്ധീകരിക്കണമേ.
വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ജന്മദിന പ്രാർത്ഥന

സ്നേഹസമ്പന്നനായ ഈശോയേ, എൻ്റെ ജീവിതത്തിൽ ഒരു വർഷംകൂടി എനിക്കങ്ങു തന്നതിൽ ഞാനങ്ങയെ സ്‌തുതിക്കുന്നു. കഴിഞ്ഞ വർഷം എനിക്കു ലഭിച്ച എല്ലാ നന്മകളെയും എനിക്കു തന്ന എല്ലാ നല്ല അനുഭവങ്ങളെയും ഓർത്തു നന്ദി പറയുന്നു.
കർത്താവേ, എനിക്കു കൈവന്ന വിജയങ്ങൾ സന്തോഷകരമായ ഓർമ്മകളായും സംഭവിച്ച പരാജയങ്ങൾ എന്റെതന്നെ ബല ഹീനതകളുടെ ആഴങ്ങളെ മനസ്സിലാക്കി അങ്ങിൽ കൂടുതൽ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും എൻ്റെ ദുഃഖങ്ങൾ അങ്ങി ലേക്കു വലിച്ചടുപ്പിക്കുന്ന സന്ദർഭങ്ങളായും മാറ്റുവാൻ ഇടയാക്കണമേ.
ഞാൻ നഷ്ട‌പ്പെടുത്തിയ മണിക്കൂറുകളും പാഴാക്കിക്കളഞ്ഞ അവസരങ്ങളും അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളും ഓർത്തു ദുഃഖിക്കുന്നു.

എന്റെ ജീവിതത്തെ അങ്ങയുടെ ഇഷ്‌ടമനുസരിച്ചു നെയ്തെടുക്കുവാൻ എനിക്കു കഴിഞ്ഞിട്ടില്ല. എങ്കിലും എൻ്റെ പോരായ്മകൾ പരിഹരിച്ച് ഈ പുതിയ വർഷം ഏറ്റവും നല്ല രീതിയിൽ ജീവിക്കുന്നതിനും എൻ്റെ മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും എനിക്കു തന്നെയും അഭിമാനിക്കാവുന്ന വിധത്തിൽജീവിതം കരുപ്പിടിപ്പിക്കുന്നതിനും എന്നെ സഹായിക്കണമേ.

എനിക്കു ജന്മം നല്‌കുകയും വളർത്തുകയും ചെയ്‌ത മാതപിതാക്കളെയും എനിക്കു സ്നേഹം നല്‌കി പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം എന്നെ ഓർക്കുകയും അനുമോദിക്കുകയും എനിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ല വരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിനമ്മാനം നല്കുകയും ചെയ്യണമേ. ആമ്മേൻ.

കുഞ്ഞുങ്ങളെ ലഭിക്കുവാൻ ദമ്പതികളുടെ പ്രാർത്ഥന

സ്നേഹപിതാവായ ദൈവമേ, ഞങ്ങളെ ദാമ്പത്യജീവിതത്തിൽ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കർത്താവേ, അങ്ങേക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ പിതൃത്വത്തിൻ്റെയും മാതൃത്വത്തിന്റെയും നാഥനായ അങ്ങ്, ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുത്ത് ഞങ്ങളെ ആശീർവദിക്കണമേ. നിർമ്മലകന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാംവിധം മാതാവാക്കി ഉയർത്തിയ ദൈവമേ, അബ്രാഹത്തെയും സാറായെയും വാർദ്ധക്യത്തിൽ മാതാപിതാക്കളാക്കിയ പിതാവേ, അങ്ങേക്കിഷ്ടമാണെങ്കിൽ ഞങ്ങൾക്കും മാതാപിതാക്കളാകുവാനുള്ള അനുഗ്രഹം നല്‌കണമേ. ഒരു കുഞ്ഞിന്റെ നിർമ്മലമായ സാന്നിദ്ധ്യത്താലും സ്നേഹത്താലും ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കണമേ. അങ്ങനെ അങ്ങയുടെ സ്നേഹാമൃതം ഈ ലോകത്തിൽ അനുഭവിച്ചു ധന്യരാകുവാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമേ. ആമ്മേൻ.

ഗർഭിണികളുടെ പ്രാർത്ഥന

മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്‌ടിക്കുകയും പുരുഷനു പിതൃത്വവും സ്ത്രീക്കു മാതൃത്വവും നല്കുകയും ചെയ്ത ദൈവമേ, എന്നെ ഒരു മാതാവാക്കി ഉയർത്തിയതിന് അങ്ങയോടു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ സൃഷ്‌ടി കർമ്മത്തിൽ പങ്കാളിയാകുവാൻ അനുവദിച്ച അങ്ങുതന്നെ, എൻ്റെ ഉദരത്തിൽ ഉദ്ഭൂത മായിരിക്കുന്ന ശിശുവിനെ ആരോഗ്യവും, സൗന്ദര്യവും നല്കി അനുഗ്രഹിക്കണമേ. ആശയും ആശങ്കയും മാറി മാറി വരികയും ഞാൻ ബലഹീനയായി ഭവിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ അങ്ങയുടെ ദിവ്യസാന്നിദ്ധ്യത്താലും ചൈതന്യത്താലും എന്നെ ധൈര്യവതിയാക്കണമേ. ‘മാതൃത്വം വഴി സ്ത്രീ അനുഗൃഹീതയാകണ’മെന്നാഗ്രഹിക്കുന്ന ദൈവമേ, മാതൃത്വ ത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ആശങ്കകളെയും ക്ലേശങ്ങളെയും സമചിത്തതയോടെ നേരിടുവാൻ പ്രാപ്‌തയാക്കണമേ. വേദന സഹിച്ചുകൊണ്ടാണെങ്കിലും ഒരു കുഞ്ഞിൻ്റെ മുഖംകണ്ടു സന്തോഷിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ എന്നെ നയിക്കണമേ. പരിശുദ്ധ കന്യകാമറിയത്തെ അങ്ങയുടെ തിരുസുതന്റെ മാതാവാക്കി ഉയർത്തിക്കൊണ്ടു മാതൃത്വത്തെ മഹത്ത്വപ്പെടുത്തിയ ദൈവമേ, എന്നെയും എന്റെ ശിശുവിനെയും അനുഗ്രഹിച്ച് ആശീർവദിക്കണമേ. ആമ്മേൻ.

ദൈവമാതാവായ കന്യകാമറിയമേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.
മാതാക്കളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജരാർദേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

കുഞ്ഞിന്റെ രോഗവിമുക്തിക്കായി മാതാക്കളുടെ പ്രാർത്ഥന

ശിശുവായി പിറന്നുകൊണ്ടു ശിശുക്കളുടെ പരിമിതികളും ബലഹീനതകളും അനുഭവിച്ച ലോകരക്ഷകാ, ഈ കുഞ്ഞിനെ ഞങ്ങൾക്കു നല്കിയതിനും എന്നെ ഒരമ്മയാക്കിയതിനും അങ്ങയോടു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ ദാനമായ ഈ ശിശുവിനെ അങ്ങേക്കു ഞാൻ കാഴ്‌ചവയ്ക്കുന്നു. ആത്മാവിലും ശരീരത്തിലും ആരോഗ്യവും സുഭഗതയും നല്‌കി ഈ ശിശുവിനെ അനുഗ്രഹിക്കണമേ. ഇപ്പോൾ കുഞ്ഞിനെ ബാധിച്ചിരിക്കുന്ന…..രോഗം മൂലം ഞങ്ങളെല്ലാവരും ദുഃഖിതരും ആകുലചിത്തരുമാണെന്ന് അങ്ങേ ക്കറിയാമല്ലോ. ഒരമ്മയുടെ ദുഃഖം ശരിയായിഗ്രഹിക്കുന്ന കർത്താവേ, എന്റെ കുഞ്ഞിന്റെ രോഗംമൂലം വേദനിക്കുന്ന ഞങ്ങളോടു കരുണയായിരിക്കണമേ. ജീവൻ്റെയും ആരോഗ്യത്തിന്റെയും ഉടയവനായ മിശിഹായേ, “അങ്ങ് ഒരു വാക്കു മാത്രം അരുളിച്ചെയ്‌താൽ എന്റെ കുഞ്ഞ് സുഖംപ്രാപിക്കു” മെന്നു ഞാൻ വിശ്വസിക്കുന്നു. പ്രതീക്ഷയോടെയുള്ള എൻ്റെ ഈ പ്രാർത്ഥന കരുണാപൂർവ്വം ശ്രവിച്ച് ഈ കുഞ്ഞിനെ അനുഗ്രഹിക്കണമേ. ആമ്മേൻ.

(ആശീർവദിച്ച പനിനീർ തൊട്ടു കുഞ്ഞിന്റെ നെറ്റിയിൽ കുരിശടയാളം വരയ്ക്കുന്നു.)

രോഗികളുടെ പ്രാർത്ഥന

“ആരോഗ്യവാന്മാർക്കല്ല രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യം” എന്നരുളിച്ചെയ്‌തുകൊണ്ട് രോഗികളോടും പീഡിതരോടും അവശരോടും വേദനയനുഭവിക്കുന്നവരോടും അതിയായ സ്നേഹവും പരിഗണനയും പ്രകടിപ്പിച്ച ഈശോയേ, ഞങ്ങൾ അങ്ങയെ സ്‌തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ആത്മീയവും ശാരീരികവുമായി വേദനയനുഭവിക്കുന്ന എല്ലാ രോഗികളേയും അങ്ങുന്ന് ആശ്വസിപ്പിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യണമേ. അന്ധർക്ക് കാഴ്‌ചയും ചെകിടർക്ക് കേൾവിയും രോഗികൾക്ക് സൗഖ്യവും നല്‌കിയ കർത്താവേ, അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയിൽ ആശ്രയമർപ്പിക്കുകയും ചെയ്യുന്ന ഞങ്ങളുടെ മേൽ അങ്ങുന്ന് കരുണയായിരിക്കണമേ, അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വി. യൗസേപ്പിതാവിന്റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാർത്ഥനകളും പരിഗണിച്ച് രോഗത്താൽ വലയുന്ന ഞങ്ങളോട് അങ്ങുന്ന് കരുണകാണിക്കണമേ.

എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനും ഉപകരിക്കത്തക്കവിധം ക്ഷമയോടും സന്തോഷത്തോടും ദൈവതിരുമനസ്സിനുള്ള വിധേയത്വത്തോടുംകൂടി ശാന്തമായി സ്വീകരിക്കുവാൻ വേണ്ട അനുഗ്രഹം ഞങ്ങൾക്കു നല്കണമേ, ഞങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അങ്ങുന്ന് ധാരാളമായി അനുഗ്രഹിക്കണമേ. രോഗികറികളുടെ ആശ്രയമായ ഈശോയേ, അങ്ങയുടെ സൗഖ്യദായകമായ വലതുകരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കുകയും പൂർണ്ണ സൗഖ്യം നല്‌കി ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥന

“ആരോഗ്യവാന്മാർക്കല്ല രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യം” എന്നരുളിച്ചെയ്‌ത ഈശോയേ, രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു. ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു. അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടെയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാർത്ഥനകളും പരിഗണിച്ച് രോഗത്താൽ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട്/സഹോദരിയോട് (പേര്) കരുണകാണിക്കണമേ. എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനും ഉപകരിക്കത്തക്കവിധം ക്ഷമയോടും സന്തോഷത്തോടും ദൈവതിരുമനസ്സിനോടുള്ള വിധേയത്വത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാൻ വേണ്ട അനുഗ്രഹങ്ങൾ നല്‌കണമേ. ഇയാളെ (ഇവരെ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ. രോഗികളുടെ ആശയമായ ഈശോയേ, ഈ സഹോദരൻ്റെ/സഹോദരിയുടെ പക്കൽ അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൗഖ്യവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേൻ

പകർച്ചവ്യാധിയുടെ കാലത്ത് പ്രാർത്ഥന

ജീവന്റെയും മരണത്തിന്റെയും നാഥനായ ദൈവമേ, ആരോ ഗ്യവും ആയുസ്സും നല്‌കി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. നാനാവിധ രോഗങ്ങൾ മൂലം ക്ലേശിച്ചിരുന്നവരെയും പിശാചുബാധിതരെയും മറ്റും അത്ഭുതകരമായി സൗഖ്യമാക്കിയ അങ്ങയുടെ തിരുസുതനെ ഞങ്ങൾക്കു രക്ഷകനായി നല്കിയതിന് അങ്ങയോടു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ നാടിനെ ഗ്രസിക്കുകയും, ഞങ്ങളെ ആശങ്കാകുലരാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന….. എന്ന പകർച്ചവ്യാധിയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. ഇസ്രായേൽക്കാരെ ബാധകളിൽനിന്നു രക്ഷിക്കുകയും സുരക്ഷിതരായി വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്‌ത അങ്ങ്, എല്ലാ പകർച്ചവ്യാധികളിൽ നിന്നും ഞങ്ങളെ സുരക്ഷിതരായി കാത്തുപരിപാലിക്കണമേ, സകലത്തിന്റെയും നാഥാ, എന്നേക്കും. ആമ്മേൻ.

യുദ്ധകാലത്തു പ്രാർത്ഥന

സ്രഷ്ടാവും പരിപാലകനുമായ ദൈവമേ, മാനവസമൂഹത്തിന്റെ പിതാവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു. “ദുഷ്‌ടരുടെയും ശിഷ്‌ടരുടെയും മേൽ ഒരുപോലെ സൂര്യപ്രകാശം ചൊരിയുകയും മഴ പെയ്യിക്കുകയും” ചെയ്തുകൊണ്ട് എല്ലാവരെയും സ്നേഹിക്കുന്ന പിതാവേ, ഭിന്നതകൊണ്ടും യുദ്ധംകൊണ്ടും സമാധാനം നഷ്‌ടപ്പെട്ടിരിക്കുന്ന ലോകത്തെ തൃക്കൺപാർക്കണമേ. വിരുദ്ധചേരികളിൽ നിലയുറപ്പിച്ചു കൊണ്ടു പരസ്‌പരം മത്‌സരിക്കുന്ന രാഷ്ട്രങ്ങളെ അങ്ങയുടെ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ. പരിശുദ്ധമായ സ്നേഹവും ശാശ്വതമായ സമാധാനവും നല്‌കി ലോകത്തെ അനുഗ്രഹിക്കണമേ. സനാതനനീതിയിലും സമാധാനത്തിലും അധിഷ്‌ഠിതമായ ജീവിതം നയിക്കുവാൻ ലോകജനതയെ സഹായിക്കണമേ, ജീവിതാന്ത്യത്തിൽ ഞങ്ങളെല്ലാവരും അങ്ങയോടൊത്തു നിത്യാനന്ദം അനുഭവിക്കുവാൻ ഇടവരുത്തുകയും ചെയ്യണമേ. ആമ്മേൻ.

സമാധാനരാജനായ ഈശോ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.
സമാധാനത്തിന്റെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പ്രകൃതിക്ഷോഭകാലത്തു പ്രാർത്ഥന

സർവ്വശക്തനും സ്രഷ്‌ടാവുമായ ദൈവമേ, പ്രപഞ്ചത്തെ ഒറ്റവാക്കാൽ സംവിധാനം ചെയ്യുകയും അത്യത്ഭുതകരമായ പ്രകൃതി നിയമങ്ങളാൽ സർവ്വചരാചരങ്ങളെയും നയിക്കുകയും ചെയ്യുന്ന അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. വസ്ത്രം കൊണ്ടെന്നപോലെ ആഴികൊണ്ടു ഭൂമിയെ ആവരണം ചെയ്യുകയും, നീർച്ചാലുകളെ നദിയിലേക്ക് തിരിച്ചുവിടുകയും, ഇടിമുഴക്കി പർവ്വതങ്ങളെ വിറപ്പിക്കുകയും ചെയ്യുന്ന അങ്ങയുടെ ശക്തി എത്രയോ വിസ്മയാവഹം. ഇപ്പോൾ ഞങ്ങളെ ഭയചകിതരും ആകുലചിത്തരുമാക്കിക്കൊണ്ടിരിക്കുന്ന ജലപ്രളയത്തിൽ (ഭൂചലനത്തിൽ, കൊടുങ്കാറ്റിൽ, ഇടിവെട്ടിൽ) നിന്നു ഞങ്ങളെ ദയാപൂർവ്വം രക്ഷിക്കണമേ.

കൊടുങ്കാറ്റിനെ ഒറ്റവാക്കാൽ ശാന്തമാക്കിക്കൊണ്ട് പ്രകൃതിശക്തികളിലുള്ള അങ്ങയുടെ അധികാരം തെളിയിച്ച മിശിഹായേ, ഈ ഭയാ നക സന്ദർഭത്തിൽ ഞങ്ങളുടെ മദ്ധ്യേ പ്രത്യേകമാംവിധം സന്നിധി ചെയ്തു പ്രകൃതിയുടെ കോപത്തിൽനിന്നു ഞങ്ങളെ രക്ഷിക്കു കയും കരുണാപൂർവ്വം അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേൻ.

നല്ല കാലാവസ്ഥയ്ക്കായി പ്രാർത്ഥന

കാരുണ്യവാനായ ദൈവമേ, കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ എല്ലാം കാണുകയും ഗ്രഹിക്കുകയും ചെയ്യുന്ന പിതാവേ, ഞങ്ങളെയും ഞങ്ങളുടെ നാടിനെയും അനുഗ്രഹിക്കണമേ ഞങ്ങളെ ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്ന കഠിനവേനലിൽ നിന്ന് (അതിവൃഷ്‌ടിയിൽ നിന്ന്, കീടബാധയിൽ നിന്ന്) ഞങ്ങളുടെ കൃഷികളെയും വിളകളെയും സംരക്ഷിക്കണമേ അങ്ങ് തിരുമനസ്സാകുന്നെങ്കിൽ മാത്രമേ ഞങ്ങളുടെ അദ്ധ്വാനവും പരിശ്രമങ്ങളും ഫലമണിയുകയുള്ളുവെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളുടെ പാപങ്ങളും തെറ്റുകളും പൊറുത്ത്, ഞങ്ങളുടെ നന്മയ്ക്കും നാടിന്റെ അഭിവൃദ്ധിക്കും ആവശ്യമായ നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‌കി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.

വീട്ടിലെ കീടബാധ മാറ്റാൻ പ്രാർത്ഥന

സർവ്വജീവജാലങ്ങളുടെയും സ്രഷ്‌ടാവായ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങ് ഞങ്ങൾക്കു നല്കിയിരിക്കുന്ന അനുഗ്രഹങ്ങൾക്കായി ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. നല്ല ജീവികളെപ്പോലെ തന്നെ ക്ഷുദ്രജീവികളെയും സൃഷ്ടിച്ചതിൽ അങ്ങേക്കു പ്രത്യേകമായ ഉദ്ദേശ്യമുണ്ടെന്നു ഞങ്ങൾഗ്രഹിക്കുന്നു. അങ്ങയുടെ സൃഷ്‌ടിവൈചിത്ര്യത്തെ ഞങ്ങൾ പുകഴ്ത്തുന്നു. എല്ലാം നന്മയ്ക്കായി സൃഷ്‌ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അങ്ങ് ക്ഷുദ്രജീവികൾമൂലം ഞങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. അവ ഞങ്ങളെ ഉപദ്രവിക്കാതിരിക്കാൻ അവയോടു കല്പിക്കണമേ.

സന്തുഷ്ടവും സംതൃപ്‌തവുമായ കുടുംബജീവിതം അഭിലഷിക്കുന്ന സ്നേഹപിതാവേ, ഇപ്പോൾ ഞങ്ങളെ ബാധിച്ചിരിക്കുന്ന….. ബാധയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. അങ്ങയെ എതിർക്കുന്നവനും, ഞങ്ങളെ ഉപദ്രവിക്കുന്നവനുമായ പിശാചിന്റെ എല്ലാ കുതന്ത്രങ്ങളിലും ആക്രമണങ്ങളിലും നിന്നു ഞങ്ങളെ മോചിപ്പിക്കുകയും ചെയ്യണമേ. ആമ്മേൻ.

(ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആശീർവദിച്ച പനിനീർ തളിക്കുകയും പള്ളിയിൽനിന്ന് ആശീർവദിച്ചുകൊണ്ടു വന്നിരിക്കുന്ന കുന്തുരുക്കം പുകയ്ക്കുകയും ചെയ്യുന്നു.)

വീട്ടിൽ വളർത്തുന്ന പക്ഷിമൃഗാദികൾക്കായി പ്രാർത്ഥന

മനുഷ്യരായ ഞങ്ങളുടെ സഹായത്തിനും ഉപയോഗത്തിനുമായി പക്ഷികളെയും മൃഗങ്ങളെയും സൃഷ്ടിച്ചു നല്‌കിയ ദൈവമേ, അങ്ങയോടു ഞങ്ങൾ നന്ദി പറയുന്നു. വിതയും കൊയ്ത്തും സംഭരണവുമില്ലാത്ത പറവകൾക്കും, വീടും നിക്ഷേപങ്ങളുമില്ലാത്ത മൃഗങ്ങൾക്കും ഭക്ഷണം നല്‌കി സംരക്ഷിക്കുന്ന അങ്ങയുടെ അദശ്യവും അത്ഭുതാവഹവുമായ പരിപാലനയെ ഞങ്ങൾ വാഴ്ത്തുന്നു. ഞങ്ങൾ വളർത്തുന്ന ഈ പക്ഷികളെ (മൃഗങ്ങളെ) ആശീർവദിക്കണമേ. എല്ലാവിധ രോഗങ്ങളിലും ക്രൂരജന്തുക്കളുടെ ഉപദ്രവങ്ങളിലും നിന്ന് ഇവയെ കാത്തുകൊള്ളണമേ. പകർച്ചവ്യാധികളിലും അപമൃത്യുവിലും നിന്ന് ഇവയെ സംരക്ഷിച്ചുകൊള്ളണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും. ആമ്മേൻ.

(അനന്തരം ആശീർവദിച്ച പനിനീർ തളിക്കുന്നു. പകർച്ചവ്യാധികളു ടെയും മറ്റും സന്ദർഭത്തിലാണെങ്കിൽ പള്ളിയിൽ നിന്ന് ആശീർവദിച്ചു കൊണ്ടുവന്ന കുന്തുരുക്കം കൂട്ടിൽ (തൊഴുത്തിൽ) പുകയ്ക്കുകനന്നാ യിരിക്കും).