Rosary of the Tears of Blood in Malayalam
പ്രാരംഭ പ്രാര്‍ഥന
ക്രൂശിതനായ എന്റെ ഈശോയെ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ ഞങ്ങള്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. നല്ലവനായ കര്‍ത്താവേ, പരിശുദ്ധ അമ്മയുടെ രക്തംകലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കും മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങളില്‍ ഇഹത്തില്‍ നിന്റെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വര്‍ഗ്ഗത്തില്‍ അവളോടൊത്തു നിത്യമായി നിന്നെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനു വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ. ആമ്മേന്‍.
(ജപമാലയുടെ വലിയ മണികളിൽ)
ഓ! ഈശോയെ ഈ ലോകത്തില്‍ നിന്നെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നെ ഏറ്റം ഗാഢമായി സ്നേഹിച്ച് നിന്നോടൊത്തു വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണുനീരുകളെ നീ കരുണയോടെ വീക്ഷിക്കേണമെ. (1 പ്രാവശ്യം)
(ചെറിയ മണികളിൽ)
സ്നേഹം നിറഞ്ഞ ഈശോയെ! നിന്റെ പരി. അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്റെ യാചനകള്‍ കേള്‍ക്കണമേ.
(7 പ്രാവശ്യം)
ഓ! ഈശോയെ ഈ ലോകത്തില്‍ നിന്നെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നെ ഏറ്റം ഗാഢമായി സ്നേഹിച്ച് നിന്നോടൊത്തു വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണുനീരുകളെ നീ കരുണയോടെ വീക്ഷിക്കേണമെ. (1 പ്രാവശ്യം)
(7 പ്രാവശ്യം ചൊല്ലിയ ശേഷം)
ഓ! മറിയമേ! വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ! ഞങ്ങളുടെ എളിയ യാചനകളെ നിന്റെ പ്രാര്‍ത്ഥനയോടു ചേര്‍ത്ത് നിന്റെ പ്രിയപുത്രനു കാഴ്ചവയ്ക്കണമെ. അങ്ങുന്നു ഞങ്ങള്‍ക്കായി ചിന്തിയ രക്ത ക്കണ്ണുനീരുകളെക്കുറിച്ച് ഈ… (നിയോഗം) നിന്റെ പ്രിയപുത്രനില്‍ നിന്നു ലഭിച്ചു തരണമേ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമെ. ഓ! മറിയമേ! നിന്റെ രക്തക്കണ്ണീരാല്‍ പിശാചിന്റെ ഭരണത്തെ തകര്‍ക്കണമെന്നും ഞങ്ങളെ പ്രതിബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകലതിന്മകളിലും നിന്നും ലോകത്തെ കാത്തുരക്ഷിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ഓ! ഈശോയെ ഈ ലോകത്തില്‍ നിന്നെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നെ ഏറ്റം ഗാഢമായി സ്നേഹിച്ച് നിന്നോടൊത്തു വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണുനീരുകളെ നീ കരുണയോടെ വീക്ഷിക്കേണമെ. (1പ്രാവശ്യം)
സ്നേഹം നിറഞ്ഞ ഈശോയെ! നിന്റെ പരി. അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്റെ യാചനകള്‍ കേള്‍ക്കണമേ. (7)
(ഇങ്ങനെ 7 പ്രാവശ്യമാവർത്തിക്കുക)
About this Prayer
ബ്രസീലിലെ ‘മിഷനറീസ് ഓഫ് ജീസസ് ക്രൂസിഫൈഡ്’ (Missionaries of Jesus Crucified) സന്യാസിനി സമൂഹത്തിലെ ഒരു സന്യാസിനിയായിരുന്നു സിസ്റ്റർ അമാലിയ അഗ്യീറെ (1901–1977).
ഗുരുതരമായി രോഗബാധിതനായ ഒരു പ്രിയപ്പെട്ടവനു വേണ്ടി പ്രാർത്ഥിക്കാൻ സിസ്റ്റർ അമാലിയയുടെ ഒരു ബന്ധു അവരെ സമീപിച്ചു. ആ സൗഖ്യത്തിനു വേണ്ടിയുള്ള അപേക്ഷയുമായി സിസ്റ്റർ സക്രാരിയിലെ ഈശോയുടെ സന്നിധിയിലെത്തുകയും, സ്വയം ഒരു പരിഹാരബലിയായി അർപ്പിക്കുകയും ചെയ്തു. അപ്പോൾ ഈശോ ഈ കൊന്തയിലെ പ്രാർത്ഥനകൾ അവൾക്ക് പറഞ്ഞു കൊടുക്കുകയും, തന്റെ പരിശുദ്ധ അമ്മയുടെ കണ്ണീരിലൂടെ തന്നോട് ചോദിക്കുന്ന എന്തും താൻ വലിയ സ്നേഹത്തോടെ നൽകുമെന്നും അരുളിചെയ്തു.
ഈ കൊന്തയിലൂടെ നിരവധി ആത്മാക്കൾ, പ്രത്യേകിച്ചും പിശാചുബാധിതരായവർ, മാനസാന്തരപ്പെടുമെന്ന് പരിശുദ്ധ അമ്മ സിസ്റ്റർ അമാലിയയ്ക്ക് വാഗ്ദാനം നൽകി. ഏറ്റവും കഠിനഹൃദയരും വഴിതെറ്റിപ്പോയവരുമായ ആത്മാക്കളെപ്പോലും മാനസാന്തരപ്പെടുത്താനുള്ള ശക്തി ഈ കൊന്തയ്ക്കുള്ളതിനാൽ, ഏതൊരു ആത്മീയ ആക്രമണത്തിനെതിരെയുമുള്ള ശക്തമായ പ്രതിരോധ ആയുധമാണിത് എന്നതിൽ സംശയമില്ല.
നമ്മുടെ കർത്താവും രക്ഷകനുമായ ഈശോയിലുള്ള വിശ്വാസവും ആശ്രയബോധവും തകർത്ത്, ഭയത്തിലൂടെ നമ്മെ നിരാശയിലേക്കും പ്രത്യാശയില്ലായ്മയിലേക്കും നയിക്കാനാണ് ഈ കാലഘട്ടത്തിൽ പിശാച് ശ്രമിക്കുന്നത്. എന്നാൽ, വിശ്വാസം, പ്രത്യാശ, സ്നേഹം, വിടുതൽ, സമാധാനം, സൗഖ്യം എന്നിവയുടെ പുനഃസ്ഥാപനത്തിനായി നാം സമർപ്പിക്കുന്ന ഏതു നിയോഗവും നമ്മുടെ പ്രിയപ്പെട്ട ഈശോ തന്റെ പരിശുദ്ധ അമ്മയുടെ കണ്ണീരിന്റെ യോഗ്യതകളാൽ നൽകുമെന്ന് വലിയ വിശ്വാസത്തോടെ നമുക്ക് പ്രത്യാശിക്കാം.

