Home Malayalam Christian Prayers നിഖ്യാ വിശ്വാസപ്രമാണം

നിഖ്യാ വിശ്വാസപ്രമാണം

Nicene Creed in malayalam

Nicene Creed in Malayalam

സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. 

ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു.

അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു.

പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു.

പിതാവിൽ നിന്നും – പുത്രനിൽനിന്നും – പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു.

ആമ്മേൻ.